Month: ജനുവരി 2021

സ്‌നേഹത്തിന്റെ ആഴങ്ങള്‍

ഒരു മൂന്നു വയസ്സുകാരനായ കുട്ടി നീന്തല്‍ പഠിച്ചതേയുണ്ടായിരുന്നുള്ളു, ആ സമയത്താണ് അവന്‍ തന്റെ മുത്തച്ഛന്റെ വീടിനു പുറകിലെ നാല്പതടി ആഴമുള്ള കിണറിനു മുകളിലിട്ടിരുന്ന പഴകി ദ്രവിച്ച പ്ലൈവുഡ് മൂടിയില്‍ ചവിട്ടിയതും മൂടി തകര്‍ന്ന് അവന്‍ കിണറ്റിലേക്കു വീണതും. അവന്റെ പിതാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതുവരെ പത്ത് അടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ അവനു കഴിഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കയറുകള്‍ കൊണ്ടുവന്നുവെങ്കിലും പിതാവ് മകനെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നതിനാല്‍ അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം വഴുക്കലുള്ള പാറകളില്‍ ചവിട്ടി താഴേക്കിറങ്ങിയിരുന്നു.

ഓ, ഒരു പിതാവിന്റെ സ്‌നേഹം! ഓ, നമ്മുടെ കുട്ടികള്‍ക്കായി നാം ഇറങ്ങിച്ചെല്ലുന്ന ദൂരം (ആഴവും)!

ദുരുപദേഷ്ടാക്കള്‍ തങ്ങള്‍ക്കു ചുറ്റും വട്ടമിടുന്നതിനിടയില്‍ വിശ്വാസത്തില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന ആദ്യകാല സഭയിലെ വിശ്വാസികള്‍ക്ക് എഴുതുമ്പോള്‍, അപ്പോസ്തലനായ യോഹന്നാന്‍ ജീവദായകമായ ഈ വാക്കുകള്‍ അവര്‍ക്കു നല്‍കി: ''കാണ്മിന്‍, നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്ക് എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു!' (1 യോഹന്നാന്‍ 3:1). യേശുവിലുള്ള വിശ്വാസികളെ 'ദൈവത്തിന്റെ മക്കള്‍' എന്ന് നാമകരണം ചെയ്യുന്നത് അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധുത നല്‍കുന്ന ഒരു അടുപ്പമുള്ളതും നിയമപരവുമായ മുദ്രയിടലാണ്.

ഓ, ദൈവം തന്റെ മക്കള്‍ക്കായി ഇറങ്ങിച്ചെല്ലുന്ന ദൂരവും ആഴവും!

ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി മാത്രം ചെയ്യുന്ന ചില പ്രവൃത്തികളുണ്ട്- തന്റെ മകനെ രക്ഷിക്കാന്‍ പിതാവ് ഒരു കിണറ്റിലേക്ക് ഇറങ്ങിയതുപോലെ. നമ്മെ അവന്റെ ഹൃദയത്തോട് അടുപ്പിക്കാനും അവനോടൊപ്പമുള്ള ജീവിതത്തിലേക്ക് നമ്മെ യഥാസ്ഥാനപ്പെടുത്തുവാനും തന്റെ ഏകപുത്രനെ അയച്ചുതന്ന നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ ആത്യന്തിക പ്രവൃത്തി പോലെ (വാ. 5-6).

പക്വതയിലേക്കെത്തുന്ന ഒരു പ്രക്രിയ

ചാള്‍സ് സിമിയോണ്‍ (1759-1836) ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ അമ്പത് വര്‍ഷത്തെ ശുശ്രൂഷയുടെ തുടക്കത്തില്‍, ഒരു അയല്‍ പാസ്റ്ററായ ഹെന്റി വെന്നിനെയും പെണ്‍മക്കളെയും കണ്ടുമുട്ടി. സന്ദര്‍ശനത്തിനുശേഷം, ആ ചെറുപ്പക്കാരന്‍ എത്രമാത്രം പരുക്കനും തന്നെക്കുറിച്ചുതന്നെ മതിപ്പുള്ളവനുമാണ് എന്ന് പെണ്‍മക്കള്‍ അഭിപ്രായപ്പെട്ടു. മറുപടിയായി, പീച്ച് മരങ്ങളില്‍ നിന്ന് ഒരു പീച്ച് പറിക്കാന്‍ വെന്‍ തന്റെ പെണ്‍മക്കളോട് ആവശ്യപ്പെട്ടു. പിതാവ് എന്തിനാണ് പഴുക്കാത്ത ഫലം ആഗ്രഹിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു, ''ശരി, എന്റെ പ്രിയ മക്കളേ, അതിപ്പോള്‍ പച്ചയാണ്, നമ്മള്‍ കാത്തിരിക്കണം; എന്നാല്‍ കുറച്ചുകൂടി വെയിലും കുറച്ച് മഴയും കിട്ടിക്കഴിയുമ്പോള്‍ പീച്ച് പഴുത്തതും മധുരമുള്ളതുമായിരിക്കും. മിസ്റ്റര്‍ സിമിയോണിന്റെ കാര്യത്തിലും അങ്ങനെ തന്നെ.'

കാലക്രമേണ സിമിയോണ്‍ ദൈവത്തിന്റെ രൂപാന്തരപ്പെടുത്തുന്ന കൃപയിലൂടെ മയപ്പെട്ടു. എല്ലാ ദിവസവും ബൈബിള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയായിരുന്നു ഒരു കാരണം. രണ്ടുമാസം അദ്ദേഹത്തോടൊപ്പം താമസിച്ച ഒരു സുഹൃത്ത് ഈ ശീലത്തിന് സാക്ഷ്യം വഹിച്ചു, ''അദ്ദേഹത്തിന്റെ മഹത്തായ കൃപയുടെയും ആത്മീയ ശക്തിയുടെയും രഹസ്യം ഇതാ.''

സിമിയോണ്‍ ദൈവവുമായുള്ള ദൈനംദിന ജീവിതത്തില്‍, ദൈവവചനങ്ങള്‍ വിശ്വസ്തതയോടെ ശ്രദ്ധിച്ച യിരെമ്യാ പ്രവാചകന്റെ രീതി പിന്തുടര്‍ന്നു. യിരെമ്യാവ് അവയില്‍ വളരെയധികം ആശ്രയിച്ചതിനാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു, ''ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു.'' അവന്‍ ദൈവവചനങ്ങളെ ചവച്ചരച്ചു ഭക്ഷിച്ചു, അതവന്റെ ''സന്തോഷവും'' ''ഹൃദയത്തിന്റെ ആനന്ദവും'' ആയി (യിരെമ്യാവ് 15:16).

നാമും പുളിയുള്ള പച്ച ഫലത്തോടു സാമ്യമുള്ളവരാണെങ്കില്‍, തിരുവെഴുത്തുകള്‍ വായിക്കുന്നതിലൂടെയും അനുസരിക്കുന്നതിലൂടെയും അവനെ അറിയുമ്പോള്‍ അവന്റെ ആത്മാവിലൂടെ നമ്മെ മയപ്പെടുത്താന്‍ ദൈവം സഹായിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.

ഒരു ആരാധനാ ജീവിതശൈലി

ഒരു ക്രിസ്തീയ സമ്മേളന സ്ഥലത്തെ പ്രഭാതഭക്ഷണ വരിയില്‍ ഞാന്‍ കാത്തുനില്‍ക്കുമ്പോള്‍, ഒരു കൂട്ടം സ്ത്രീകള്‍ ഡൈനിംഗ് ഹാളിലേക്ക് പ്രവേശിച്ചു. എന്റെ പുറകിലെ വരിയില്‍ കയറി നിന്ന ഒരു സ്ത്രീയോട് ഹലോ പറഞ്ഞ് ഞാന്‍ പുഞ്ചിരിച്ചു. എന്റെ അഭിവാദ്യം മടക്കിത്തന്നുകൊണ്ട് അവള്‍ പറഞ്ഞു, ''എനിക്ക് താങ്കളെ അറിയാം.'' മുട്ട വിഭവം ഞങ്ങളുടെ പ്ലേറ്റുകളിലേക്ക് കോരിയിട്ടുകൊണ്ട് ഞങ്ങള്‍ എവിടെവെച്ചാണ് കണ്ടുമുട്ടിയതെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ മറ്റൊരാളായി തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി മടങ്ങിയെത്തിയപ്പോള്‍ ആ സ്ത്രീ എന്നെ സമീപിച്ചു. ''താങ്കള്‍ ഒരു വെളുത്ത കാറാണോ ഓടിക്കുന്നത്?''

ഞാന്‍ ഞെട്ടി. 'ഞാന്‍ അങ്ങനെ ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്.'

അവള്‍ ചിരിച്ചു. 'മിക്കവാറും എല്ലാ ദിവസവും രാവിലെ എലമെന്ററി സ്‌കൂളിനടുത്തുള്ള ട്രാഫിക് ലൈറ്റില്‍ നമ്മള്‍ ഒരേസമയം കാര്‍ നിര്‍ത്തിയിരുന്നു,'' അവള്‍ പറഞ്ഞു. ''നിങ്ങള്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ പാടിക്കൊണ്ട് കൈകള്‍ ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ ദൈവത്തെ ആരാധിക്കുന്നുവെന്ന് ഞാന്‍ കരുതി. കഠിനമായ ദിവസങ്ങളില്‍ പോലും അതില്‍ പങ്കുചേരാന്‍ അത് എന്നെ പ്രേരിപ്പിച്ചു.'

ദൈവത്തെ സ്തുതിച്ചുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു, ആലിംഗനം ചെയ്തു, ഉച്ചഭക്ഷണം ആസ്വദിച്ചു.

ആരും കാണുന്നില്ലെന്ന് നമ്മള്‍ കരുതുമ്പോഴും യേശുവിന്റെ അനുയായികള്‍ എങ്ങനെ പെരുമാറുന്നുവെന്ന് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എന്റെ പുതിയ സുഹൃത്ത് സ്ഥിരീകരിച്ചു. സന്തോഷകരമായ ആരാധനയുടെ ഒരു ജീവിതശൈലി സ്വീകരിക്കുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് സ്രഷ്ടാവിന്റെ മുമ്പാകെ വരാം. അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹവും വിശ്വസ്തതയും അംഗീകരിച്ചുകൊണ്ട് നമുക്ക് അവനുമായുള്ള അടുപ്പം ആസ്വദിക്കാനും അവന്റെ നിരന്തരമായ പരിചരണത്തിന് നന്ദി പറയാനും കഴിയും (സങ്കീര്‍ത്തനം 100). നമ്മുടെ കാറുകളില്‍ ഇരുന്നുകൊണ്ട് നാം സ്തുതിഗീതങ്ങള്‍ ആലപിക്കുകയോ, പരസ്യമായി പ്രാര്‍ത്ഥിക്കുകയോ, അല്ലെങ്കില്‍ കാരുണ്യപ്രവൃത്തികളിലൂടെ ദൈവസ്‌നേഹം പ്രചരിപ്പിക്കുകയോ എന്തുചെയ്താലും ''അവന്റെ നാമത്തെ സ്തുതിക്കാന്‍'' നമുക്ക് മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയും (വാ. 4). ദൈവത്തെ ആരാധിക്കുന്നത് ഒരു ഞായറാഴ്ച രാവിലത്തെ സംഭവത്തേക്കാള്‍ വളരെയധികമായ ഒന്നാണ്.

യേശുവിന്റെ വേഗതയില്‍ നീങ്ങുക

അടുത്തയിടെ, എന്റെ കാറിന് റിപ്പയറിംഗ് ആവശ്യമായി വന്നു. വര്‍ക്ക്‌ഷോപ്പ് വളരെ അടുത്തായിരുന്നു, വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു മൈല്‍ അകലെ. അതിനാല്‍ ഞാന്‍ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. തിരക്കേറിയ റോഡരികിലൂടെ നടക്കുമ്പോള്‍, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു: എല്ലാവരും വളരെ വേഗത്തില്‍ നീങ്ങുന്നു.

ഇത് റോക്കറ്റ് ശാസ്ത്രമല്ല. കാല്‍നടയാത്രക്കാരേക്കാള്‍ വേഗത്തില്‍ കാറുകള്‍ പോകുന്നു. സിപ്പ്, സിപ്പ്, സിപ്പ്! ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടായി: അതിവേഗം സഞ്ചരിക്കുന്നതിനോടു നാം പൊരുത്തപ്പെട്ടിരിക്കുന്നു. എല്ലായ്‌പ്പോഴും. അപ്പോള്‍ മറ്റൊരു തിരിച്ചറിവ് ഉണ്ടായി: ദൈവവും വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ പലപ്പോഴും പ്രതീക്ഷിക്കുന്നു. അവന്റെ പദ്ധതികള്‍ എന്റെ വേഗത്തിലുള്ള ടൈംടേബിളിന് അനുയോജ്യമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

യേശു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍, അവന്റെ മന്ദഗതിയിലുള്ള ചലനം ചിലപ്പോള്‍ അവന്റെ സുഹൃത്തുക്കളെ നിരാശപ്പെടുത്തി. യോഹന്നാന്‍ 11-ല്‍, മറിയയും മാര്‍ത്തയും അവരുടെ സഹോദരന്‍ ലാസര്‍ രോഗിയാണെന്ന വിവരം യേശുവിനെ അറിയിച്ചു. യേശുവിന് സഹായിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു (വാ. 1-3). എന്നാല്‍ ലാസര്‍ മരിച്ച് നാലുദിവസത്തിനുശേഷമാണ് അവന്‍ വന്നത് (വാ. 17). മാര്‍ത്ത യേശുവിനോട്: 'കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു'' എന്നു പറഞ്ഞു (വാ. 21). തര്‍ജ്ജം: യേശു വേണ്ടത്ര വേഗത്തില്‍ നീങ്ങിയില്ല. എന്നാല്‍ ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുക എന്ന വലിയ പദ്ധതി അവനുണ്ടായിരുന്നു (വാ. 38-44).

മാര്‍ത്തയുടെ നിരാശയുമായി നിങ്ങള്‍ക്ക് ബന്ധമുള്ളതായി തോന്നുന്നോ? എനിക്ക് തോന്നുന്നു. ചില സമയങ്ങളില്‍, ഒരു പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ യേശു കൂടുതല്‍ വേഗത്തില്‍ നീങ്ങണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍, അവന്‍ വൈകിപ്പോയെന്ന് തോന്നുന്നു. എന്നാല്‍ യേശുവിന്റെ പരമാധികാര പ്രവര്‍ത്തന പട്ടിക നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. തന്റെ ടൈംടേബിളിന്‍ പ്രകാരമാണ് അവന്‍ തന്റെ രക്ഷിപ്പിന്‍ വേല നിര്‍വഹിക്കുന്നത്, നമ്മുടെ ടൈംടേബിള്‍ അനുസരിച്ചല്ല. ആത്യന്തിക ഫലം അവിടുത്തെ മഹത്വവും നമ്മുടെ പദ്ധതികളേക്കാള്‍ എത്രയോ വലുതായിട്ടുള്ള വിധത്തില്‍ നന്മയും വെളിപ്പെടുത്തുന്നതായിരിക്കും.

പ്രളയം വരുമ്പോള്‍

റോക്കി പര്‍വതനിരകള്‍ക്കും ഞങ്ങളുടെ വാര്‍ഷിക മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ട പടിഞ്ഞാറന്‍ യുഎസിലെ കൊളറാഡോയിലാണ് ഞാന്‍ താമസിക്കുന്നത്. എന്നിട്ടും എന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് മഴയുമായിട്ടല്ലാതെ മഞ്ഞുവീഴ്ചയുമായി യാതൊരു ബന്ധവുമില്ല. 1976 ജൂലൈ 31 ലെ ബിഗ് തോംസണ്‍ വെള്ളപ്പൊക്കം റിസോര്‍ട്ട് പട്ടണമായ എസ്റ്റസ് പാര്‍ക്കിന് ചുറ്റുമാണു സംഭവിച്ചത്. ഒടുവില്‍ വെള്ളമിറങ്ങിയപ്പോള്‍ ആകെ മരണം 144 ആയിരുന്നു, കൂടാതെ കന്നുകാലികളും. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത്, പ്രത്യേകിച്ചും റോഡുകളുടെയും ദേശീയപാതകളുടെയും അടിത്തറയെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നു. കൊടുങ്കാറ്റിന്റെ നടുവിലും ഉറപ്പോടെ നിന്ന റോഡുകളുടെ മതിലുകള്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതിയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവയ്ക്ക് ഉറപ്പുള്ളതും ശക്തമായതുമായ ഒരു അടിത്തറയുണ്ടായിരുന്നു.

നമ്മുടെ ജീവിതത്തിലെ ചോദ്യം പ്രളയം വരുമോ എന്നതല്ല മറിച്ച് എപ്പോള്‍ എന്നതാണ്. ചിലപ്പോള്‍ നമുക്കു മുന്നറിയിപ്പു ലഭിക്കും, പക്ഷേ സാധാരണയായി ലഭിക്കാറില്ല. അത്തരം സമയങ്ങളില്‍ ഉണ്ടായിരിക്കേണ്ട ശക്തമായ ഒരു അടിത്തറയെക്കുറിച്ച് യേശു ഊന്നിപ്പറയുന്നു - അവന്റെ വാക്കുകള്‍ കേള്‍ക്കുക മാത്രമല്ല, സുവിശേഷമനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണത് (ലൂക്കൊസ് 6:47). ആ പരിശീലനം ഏതാണ്ട് നമ്മുടെ ജീവിതത്തിലേക്ക് കോണ്‍ക്രീറ്റ് പകരുന്നതുപോലെയാണ്. പ്രളയം വരുമ്പോള്‍, അവ വരും, നമുക്ക് അതിനെതിരെ ഉറച്ചുനില്‍ക്കാന്‍ കഴിയും, കാരണം നാം 'ഉറപ്പായി പണിതു' (വാ. 48). പരിശീലനത്തിന്റെ അഭാവം നമ്മുടെ ജീവിതത്തെ തകര്‍ച്ചയ്ക്കും നാശത്തിനും ഇരയാക്കുന്നു (വാ. 49). ബുദ്ധിമാനും ഭോഷനും തമ്മിലുള്ള വ്യത്യാസമാണിത്.

ഇടയ്ക്കിടെ താല്‍ക്കാലികമായി നിര്‍ത്തുകയും കുറച്ച് അടിസ്ഥാന വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. പ്രളയം വരുമ്പോള്‍ അവന്റെ ശക്തിയില്‍ നാം ശക്തമായി നിലകൊള്ളത്തക്കവിധം ദുര്‍ബ്ബലമായ സ്ഥലങ്ങളെ ശക്തിപ്പെടുത്താന്‍ യേശു നമ്മെ സഹായിക്കും.